കോഴിക്കോട് കൊളത്തറയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് പരാതി
കോഴിക്കോട്: കൊളത്തറ പ്രദേശത്ത് കോടികൾ വിലമതിക്കുന്ന സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി ലഭിച്ചു. ഓഹരി വ്യാപാരം, ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (F&O) ട്രേഡിംഗിൽ നിക്ഷേപം നടത്തി ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് വൻതുകകൾ കൈപ്പറ്റിയതായി ആരോപണം ഉണ്ട്. ആദ്യഘട്ടത്തിൽ ലാഭവിഹിതം നൽകിയാണ് വിശ്വാസം നേടിയതെന്നും പിന്നീട് പണം തിരികെ നൽകാതെ തട്ടിപ്പിന് വഴിയൊരുക്കിയതാണെന്നും പരാതികൾ പറയുന്നു.
പന്തീരാങ്കാവ്, നല്ലളം പോലീസുകളിൽ നിരവധി പരാതികൾ ലഭിക്കുകയും പന്തീരാങ്കാവ് പോലീസ് കേസു രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. കൊളത്തറ സ്വദേശിയായ അഭിനെതിരേ പ്രധാനമായും പരാതികൾ ഉയർന്നിട്ടുണ്ട്. സാമ്പത്തിക നഷ്ടം നേരിട്ട കൂടുതൽ ആളുകൾ മുന്നോട്ട് വരാനുണ്ടെന്നും വിശദമായ വിവരശേഖരണം പുരോഗമിക്കുകയാണെന്നും അറിയുന്നു. സംഭവത്തിന്റെ വ്യാപ്തിയും ഇടപാടുകളുടെ വലിപ്പവും കണക്കിലെടുത്ത് സമഗ്രമായ അന്വേഷണം ആവശ്യമാണ്.