തെരുവുനായ ആക്രമണം രൂക്ഷം; സംസ്ഥാനത്ത് മരിച്ചത് 122 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം അതിരൂക്ഷമാകുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരളത്തിൽ മാത്രം തെരുവുനായ കടിയേറ്റത് 15,02,737 പേർക്ക്. പേവിഷബാധ ഏറ്റു മരിച്ചത് 122 പേർ. ഓരോ വർഷവും കടിയേൽക്കുന്നവരുടെയും മരണപെടുന്നവരുടെയും എണ്ണത്തിൽ വൻ വർദ്ധനവാണ്. ഏറ്റവും കൂടുതൽ ആക്രമണങ്ങൾ ഉണ്ടായത് തിരുവനന്തപുരത്താണ്. 58108 പേരെയാണ് തെരുവുനായ കടിച്ചത്.
തെരുവുനായ ആക്രമണങ്ങളിൽ പരുക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഉത്തരവിറക്കിയിരുന്നു. പക്ഷെ വെറും 43 പേർക്ക് മാത്രമാണ് നഷ്ടപരിഹാരം നൽകിയത്. നിലവില്‍ തെരുവുനായ ആക്രമണത്തിനു നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ജില്ലാതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. 2021ല്‍ 2,21,379 പേര്‍ക്കാണു സംസ്ഥാനത്ത് കടിയേറ്റതെങ്കില്‍ 2025ല്‍ അത് 3,69,272 ആയി മാറി. മരിച്ചവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി. 2021ല്‍ 11 ആയിരുന്ന മരണസംഖ്യ 2025ല്‍ 33 ആയിട്ടാണ് വര്‍ധിച്ചത്.