എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
കോഴിക്കോട് : പന്തീരാങ്കാവ് കുന്നത്ത് പാലത്തുള്ള SME Distributors Daffodil Complex -ൽ വെച്ച് 10.59 ഗ്രാം എം.ഡി.എം.എ യുമായി ഒളവണ്ണ കൊടിനാട്ട്മുക്ക് സ്വദേശിയും ഇപ്പോൾ മണക്കടവ് തച്ചംപൊയിൽ ഫ്ലാറ്റിലെ താമസക്കാരനുമായ ഇർഫാൻ (31 വയസ്സ്) നെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് അസിസ്റ്റന്റെ് കമ്മീഷണർ ജോൺസൻ. കെ.ജെ യുടെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസഫും, പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പന്തിരങ്കാവ് പോലീസും ചേർന്ന് പിടികൂടിയത്.
കുറച്ചുദിവസങ്ങളായി ഡാൻ സാഫ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്ന പ്രതി തമ്പടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇയാൾ പിടിയിലായത്. കൊടിനാട്ട് മുക്കിൽ പച്ചക്കറി കട നടത്തിവരരുന്ന പ്രതി കുറഞ്ഞ അളവിൽ MDMA വൻകിട കച്ചവടക്കാരിൽ നിന്നും വാങ്ങി 1ഗ്രാം, 2 ഗ്രാം വീതമുള്ള കവറുകളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയും അതിൽ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് സുഹൃത്തുക്കൾക്കൊപ്പം ആഡംബര ജീവിതം നയിക്കുകയുമായിരുന്നു. മാത്രമല്ല കഴിഞ്ഞ രണ്ടുവർഷത്തോളമായി ലഹരിമരുന്നു ഉപയോഗിക്കുന്ന പ്രതി സ്വയം ഉപയോഗത്തിനുള്ള മയക്കുമരുന്നിന്റെ പണവും ഈ കച്ചവടത്തിലൂടെയാണ് കണ്ടെത്തിയിരുന്നത്.
പെരുന്നാൾ, വിഷു ആഘോഷങ്ങൾ ലക്ഷ്യം വെച്ച് കേരളത്തിലേക്ക് അന്യ സംസ്ഥാനങ്ങളിൽ നിന്നും എം.ഡി.എം.എ പോലെയുള്ള മാരക രാസ ലഹരികൾ എത്തുമെന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി പോലീസും, ഡാൻസാഫും ചേർന്ന് ലഹരി പരിശോധന വളരെ ശക്തമാക്കിയതിന്റെ ഭാഗമായാണ് ഇത്തരം കേസുകൾ പിടികൂടാൻ സിറ്റി പൊലീസിന് കഴിഞ്ഞത്. ഇർഫാനുമായി ബന്ധപ്പെട്ട മയക്കുമരുന്ന് മാഫിയയിലെ എല്ലാ കണ്ണികളെയും കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആരൊക്കെയാണ് സിറ്റിയിലെ പ്രധാന മയക്കുമരുന്ന് വില്പനക്കാരെന്നും അതേ പോലെ ഉപഭോക്താക്കളെ കുറിച്ചും ഉള്ള വിവരം ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഹൈലൈറ്റ് മാൾ കേന്ദ്രീകരിച്ചും, കുന്നത്ത്പാലം, മാത്തറ, പന്തീരങ്കാവ് ബോട്ടാണിക്കൽ ഗാർഡൻ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കും മറ്റും ചില്ലറ വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ രീതി. സിറ്റി ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ അഖിലേഷ്, സിവിൽ പോലീസ് ഓഫീസർമാരായ സരുൺ കുമാർ, ലതീഷ് , അതുൽ, ഷിനോജ്, ശ്രീശാന്ത് എന്നിവരും പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ജാക്സൺ ജോയ്, വിനോദ്, സിവിൽ പോലീസ് ഓഫീസർ അബ്ദുൾ മനാഫ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.