തവനൂരിൽ പി.ടി അജയ്മോഹൻ യുഡിഎഫ് സ്ഥാനാർത്ഥി ആയേക്കും
കെ ടി ജലീലിന്റെ സിറ്റിംഗ് സീറ്റായ തവനൂർ ഇത്തവണ യുഡിഎഫിന് വേണ്ടി തിരിച്ചുപിടിക്കാൻ കോൺഗ്രസ് കളത്തിൽ ഇറക്കുന്നത് മലപ്പുറം ജില്ല യുഡിഎഫ് ചെയർമാൻ പിടി അജയ് മോഹൻ ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായി. മണ്ഡലത്തിൽ ഉടനീളമുള്ള ബന്ധവും രാഷ്ട്രീയ പ്രവർത്തനത്തിന്റെ പാരമ്പര്യവും അനുകൂലമായി മാറുമ്പോൾ കെ ടി ജലീലിനെ മലർത്തിയടിക്കാം എന്നാണ് യുഡിഎഫും കോൺഗ്രസ്സും കരുതുന്നത്. യുഡിഎഫ് ചെയർമാൻ എന്ന നിലയിലും കെപിസിസി ജനറൽ സെക്രട്ടറി എന്ന നിലയിലും നടത്തുന്ന പ്രവർത്തനങ്ങൾ വോട്ടാക്കി മാറ്റിയാൽ അനായാസം തവനൂർ പിടിച്ചെടുക്കാം എന്നാണ് കോൺഗ്രസ് ക്യാമ്പിന്റെ കണക്കുകൂട്ടൽ. മുൻ മന്ത്രി കൂടിയായ നിലവിലെ എംഎൽഎ കെ ടി ജലീലിനെതിരെ മണ്ഡലത്തിൽ ശക്തമായ ജനവികാരം നിലനിൽക്കുന്നുണ്ട്. ഇത് വോട്ടാക്കി മാറ്റാൻ മണ്ഡലത്തിൽ മികച്ച സ്വാധീനമുള്ള സ്ഥാനാർത്ഥി വേണമെന്നാണ് നേതാക്കളുടെയും പ്രവർത്തകരുടെയും നിലപാട്. മണ്ഡലത്തിന് സുപരിചിതനായ പി. ടി അജയ് മോഹൻ മത്സരിക്കാൻ എത്തുന്ന വാർത്ത അറിഞ്ഞതോടെ ഇവർ ആവേശത്തിലാണ്. മണ്ഡലത്തിലെ വികസന മുരടിപ്പും സുജനപക്ഷപാതവും ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമ്പോൾ അജയ് മോഹന അനുകൂലമായ വിധിയെഴുത്ത് ഉണ്ടാകുമെന്നാണ് യുഡിഎഫ് നേതൃത്വത്തിൻ്റെ പ്രതീക്ഷ.