
ലക്ഷദ്വീപിൽ “വാഹനരഹിത ബുധൻ”: യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്ത ഉത്തരവോ?
ലക്ഷദ്വീപ് ഭരണകൂടം ഓരോ ബുധനാഴ്ചയും “വാഹനരഹിത ദിവസം” ആയി പ്രഖ്യാപിച്ച പുതിയ ഉത്തരവ് (17-02-2026) ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള ലക്ഷ്യത്തോടെ വന്നതാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. നടക്കലും സൈക്കിളിംഗും പ്രോത്സാഹിപ്പിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യുക എന്ന ആശയം കേൾക്കുമ്പോൾ ആകർഷകമാണ്. പക്ഷേ ദ്വീപുകളുടെ യാഥാർത്ഥ്യ ജീവിതക്രമത്തിൽ ഇത് പ്രായോഗികമാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ലക്ഷദ്വീപിലെ ദൈനംദിന ജീവിതം കടൽഗതാഗതത്തിനോടാണ് ചേർന്ന് നിൽക്കുന്നത്. മിക്ക ദ്വീപുകളിലും ദിവസേന ചരക്കുകപ്പലുകൾ എത്തുന്നു; അതോടൊപ്പം ആഴ്ചയിൽ രണ്ട് ദിവസം യാത്രക്കാരുകപ്പലുകളും എത്തിപ്പെടുന്നു. ഈ കപ്പലുകളിൽ നിന്നും ഇറങ്ങുന്ന ഭക്ഷ്യവസ്തുക്കൾ, നിർമാണസാധനങ്ങൾ, മരുന്നുകൾ, വ്യാപാര ചരക്കുകൾ എന്നിവ ഉടൻ തന്നെ ഗോഡൗണുകളിലേക്കും കടകളിലേക്കും വീടുകളിലേക്കും എത്തിക്കേണ്ടതാണ്. ഇത്തരം ദിവസങ്ങളിൽ വാഹന ഉപയോഗം പൂർണമായി നിർത്തലാക്കുന്നത് സാധ്യമല്ലാത്തതാണ് പ്രാദേശിക വ്യാപാരികളും തൊഴിലാളികളും പറയുന്നത്.
ഇതോടൊപ്പം വിദ്യാഭ്യാസ മേഖലയും ബാധിക്കപ്പെടും. പല ദ്വീപുകളിലും സ്കൂളുകൾ താമസമേഖലകളിൽ നിന്നും അകലെയാണ്. വിദ്യാർത്ഥികളെ സ്കൂളിലേക്ക് കൊണ്ടുപോകാനും തിരിച്ചെത്തിക്കാനും വാഹനസഹായം അനിവാര്യമാണ്, പ്രത്യേകിച്ച് പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്കും പ്രത്യേക ആവശ്യങ്ങളുള്ള വിദ്യാർത്ഥികൾക്കും. “വാഹനരഹിത ബുധൻ” പ്രാബല്യത്തിൽ വരുമ്പോൾ മാതാപിതാക്കൾക്കും അധ്യാപകർക്കും പുതിയ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമാണ്.
ചെറിയ വ്യാപാരസ്ഥാപനങ്ങൾക്കും സേവനമേഖലയ്ക്കും ഇതിന്റെ ആഘാതം നേരിട്ട് അനുഭവപ്പെടും. ഭക്ഷണവിതരണം, നിർമ്മാണ ജോലികൾ തുടങ്ങിയവയിൽ ചെറിയ തോതിൽ പോലും വാഹന ഉപയോഗം ഇല്ലാതെ പ്രവർത്തനം നിലയ്ക്കും. ദ്വീപുകളുടെ ഭൗമപരിധി ചെറുതായാലും സാമ്പത്തിക പ്രവർത്തനങ്ങൾ വ്യാപകമാണ് എന്നതാണ് യാഥാർത്ഥ്യം.
പരിസ്ഥിതി സംരക്ഷണ ലക്ഷ്യത്തെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാൽ ദ്വീപുകളുടെ പ്രത്യേക ഗതാഗത ആശ്രിതത്വവും ലജിസ്റ്റിക് ഘടനയും പരിഗണിക്കാതെ നിരോധനം നടപ്പാക്കുന്നത് പ്രായോഗികമല്ല.
“നടക്കലും സൈക്കിളിംഗും പ്രോത്സാഹിപ്പിക്കുക” എന്ന നല്ല ഉദ്ദേശ്യം നിലനിർത്തിക്കൊണ്ട്, ദ്വീപുകളുടെ ജീവിതചക്രം തടസപ്പെടാത്ത രീതിയിൽ നയം പുനഃപരിശോധിക്കേണ്ട സമയമാണിത്. ലക്ഷദ്വീപിന്റെ യാഥാർത്ഥ്യം കരയിൽ അല്ല, കടലിലാണ് — അതിനെ മറന്നുള്ള നയങ്ങൾ ദൈനംദിന ജീവിതത്തെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ടുള്ള ഇന്ധന ക്ഷാമവും, വാഹനങ്ങൾക്ക് വേണ്ടത്ര ഇന്ധനം എത്തിക്കാൻ പറ്റാത്തത് കൊണ്ടുള്ള തുക്ലക്ക് പരിഷ്കാരമാണോ ഇത് എന്നും കരുതാതെ വയ്യ.