logo

കൊൽക്കത്ത ഡയറീസ്

നൂറ്റ്കണ്ടുകളുടെ ചരിത്രമുള്ള ഒരിടമാണ് കൊൽക്കത്ത, അതുകൊണ്ട് വിരുന്നിനെത്തിയ ഒരു നഗരമായിട്ടല്ല ഞാൻ ഈ നഗരത്തെ അറിയാൻ ശ്രമിച്ചത്. മറിച്ച് പതുക്കെ വായിക്കേണ്ട ഒരു പഴയ പുസ്തകമായിട്ടാണ്.

എന്റെ ഇന്നത്തെ ദിവസം തുടങ്ങിയത് താകുർബരി യിൽ നിന്നാണ്. കവിതകളുടെ പ്രതിധ്വനിയും നവോത്ഥാനത്തിന്റെ ചുവടുകളും ഇപ്പോഴും ആ മതിൽ കെട്ടുകൾക്കുള്ളിൽ മുഴങ്ങുന്നതായി തോന്നി. ആധുനിക കൽകോട്ടയുടെ ചിന്തകൾ ജനിച്ച ഇടമാണ് അത്.

പിന്നീട് കോളേജ് സ്ട്രീറ്റിലൂടെ ഇന്ത്യൻ കോഫി ഹൗസിലേക്ക്. കോളേജ് സ്ട്രീറ്റ് പുസ്തകങ്ങളുടെ ഒരു കടലാണ്. വഴിയരികിൽ നിരത്തി വെച്ച പഴയ പുസ്തകങ്ങൾ, മഞ്ഞനിറം പിടിച്ച പേജുകൾ, ചായയുടെയും ബീഡിയുടെയും മണം, സാഹിത്യത്തെക്കുറിച്ചുള്ള അവസാനിക്കാത്ത സംഭാഷണങ്ങൾ… ഒരു എഴുത്തുകാരൻ ഒരിക്കലെങ്കിലും നടന്നിരിക്കേണ്ട തെരുവ് എന്ന് തോന്നി.

അവിടെ നിന്ന് ഇന്ത്യൻ കോഫിഹൗസ് - അത് വെറുമൊരു കോഫി ഷോപ്പ് മാത്രമല്ല, ഒരു കാലത്ത് നവോത്ഥാന ചിന്തകളും സംഭാഷണങ്ങളും കവിതകളും വിപ്ലവവും ഒക്കെ നിറഞ്ഞു നിന്ന ഒരിടം. അവിടെ ഇരുന്ന്- പതുക്കെ കറങ്ങുന്ന പഴയ ഫാനുകളുടെ താഴെ, അനന്തമായ ചർച്ചകളുടെ ഓളങ്ങൾക്കിടയിൽ, കോഫിയുടെ ഓരോ സിപ്പും ചരിത്രത്തോടുള്ള ഒരു സംവാദം പോലെ തോന്നി.

രാജാ രാംമോഹൻ റോയ് മ്യൂസിയത്തിൽ ഇന്നത്തെ പകൽ ഒരു ചിന്തയായി അവസാനിച്ചു — മാറ്റം ഒരിക്കലും എളുപ്പമല്ല; പക്ഷേ ചോദ്യം ചെയ്യാൻ ധൈര്യമുള്ളവരാണ് കാലത്തെ മുന്നോട്ട് നയിക്കുന്നത്.

സന്ധ്യയോടെ കൊൽക്കത്ത മറ്റൊരു നിറം അണിഞ്ഞു. പഴമ ഒരു ക്ഷീണമല്ല, മറിച്ച് അത് ഒരു അഭിമാനമാണ്. ട്രാം പാളങ്ങളും പഴയ കെട്ടിടങ്ങളും ഹോൺ മുഴക്കി പായുന്ന പഴയ മഞ്ഞ അംബാസിഡർ കാറുകളും വഴിയോരങ്ങൾ കയ്യേറിയ കച്ചവടക്കാരും പച്ചയായ മനുഷ്യരും എല്ലാം ചേർന്ന് പറയുന്നത് — വേഗം മാത്രമല്ല ജീവിതം, ആഴവും കൂടിയാണ്.

18
1824 views