
ഓളപ്പരപ്പിൽ ഓർമ്മകളിലെ ഉത്സാഹം; ചാലിയാർ ദിന മത്സരങ്ങൾക്ക് തുടക്കമായി.
ഓളപ്പരപ്പിൽ ഓർമ്മകളിലെ ഉത്സാഹം; ചാലിയാർ ദിന മത്സരങ്ങൾക്ക് തുടക്കമായി.
വാഴക്കാട് : വ്യവസായ മലിനീകരണത്തിന്റെ നഷ്ട ചിത്രങ്ങളിൽ നിന്നും മൂന്നരപ്പതിറ്റാണ്ടുകാലത്തെ കൂട്ടായ്മയുടെ സമര പരമ്പരകളിലൂടെ സ്വന്തം നാടിനേയും പുഴയേയും വീണ്ടെടുത്ത വാഴക്കാട്ടുകാർ ഈ വർഷവും തങ്ങളുടെ ജനനേതാവിന്റെ ഓർമ്മയിൽ ചാലിയാറിലെ ജലപ്പരപ്പിൽ ഉത്സാഹത്തിന്റെ കൊച്ചോളങ്ങൾ തീർത്തു. ചാലിയാർ സമര നേതാവ് കെ. എ. റഹ്‌മാൻ സാഹിബിന്റെ ഓർമ്മയിൽ നടക്കുന്ന ചാലിയാർ ദിന പരിപാടികളുടെ തുടക്കം കുറിച്ചു കൊണ്ട് മണന്തലവിലെ പാഡിൽ അപ്പ് കയാക്കിംഗ് സെന്ററിന്റെ നേതൃത്വത്തിൽ ചാലിയാർ ദിനാചരണ സമിതി നടത്തിയ നീന്തൽ, കയാക്കിംഗ് മത്സരങ്ങളിലാണ് ഈ പുഴക്കു വേണ്ടി നടന്ന ജനകീയ സമരവും സമര നായകനും മരിക്കാത്ത ഓർമ്മകളായി മാറിയത്.
വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ആരിഫ ഫ്ലാഗ് ഓഫ് ചെയ്ത് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ചാലിയാർ ദിനാചരണ കായിക മത്സര വിഭാഗം ചെയർമാൻ ടി. മുഹമ്മദ് ബഷീർ ആദ്ധ്യക്ഷം വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുസ്തഫ വാഴക്കാട്, വാപ്പ - യു.എ.ഇ പ്രതിനിധി കെ. പി. മുജീബ്, ബി.പി. ഹമീദ്, എൻ.എ.റഹ്മാൻ, ബി.പി. എ. റഷീദ്, കെ. എ. ശുക്കൂർ, സ്വാഗത സംഘം കൺവീനർ ഹാഷിം എളമരം എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥികളും യുവാക്കളും മുതിർന്നവരും മാറ്റുരച്ച മത്സരങ്ങളിൽ നൂറോളം പേർ പങ്കെടുത്തു. ശിഹാബ് അരൂർ, അൻവർ ഷരീഫ്, നസറുള്ള വാഴക്കാട്, ടി.പി. അഷ്റഫ്, സി.ടി. റഫീഖ്, നജ്മുൽ ഹുദ, ടി. അബ്ദുൽ റഊഫ്, മണന്തലക്കടവ് കോസ്റ്റൽ പോലീസ് ഓഫീസർ ജസീന, അഷ്ക്കർ എന്നിവർ മത്സരം നിയന്ത്രിച്ചു.
വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളും ജനുവരി 11 വൈകിട്ട് 4 -ന് ഇരട്ടമുഴിയിൽ നടക്കുന്ന സാംസ്കാരിക സായാഹ്ന പരിപാടിയിൽ വെച്ച് വിശിഷ്ടാതിഥികൾ വിതരണം ചെയ്യും.