logo

മേഘയുടെ ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്യും; പ്രണയനൈരാശ്യമാണ് ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ്

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്യാൻ കാരണം പ്രണയനൈരാശ്യമെന്ന വിലയിരുത്തലിൽ പൊലീസ്. മേഘയുടെ ഫോണ്‍ കോളുകളില്‍ അസ്വാഭാവികത ഇല്ലെന്നും അവസാന ഫോണ്‍ കോളുകളുടെ ദൈര്‍ഘ്യം സെക്കന്റുകള്‍ മാത്രമെന്നും കണ്ടെത്തി.

സംഭവത്തിൽ മേഘയുടെ ആണ്‍സുഹൃത്തായ ഐ ബി ഉദ്യോഗസ്ഥനെ നടപടിക്രമങ്ങള്‍ പാലിച്ചു ചോദ്യം ചെയ്യും.യുവാവ് ബന്ധത്തിൽ നിന്നും പിന്മാറിയതാണ് മേഘ ആത്മഹത്യ ചെയ്യുവാൻ കാരണമായതെന്ന് വിലയിരുത്തൽ. ഇതിനു വേണ്ടി ഉടന്‍ നോട്ടീസ് നല്‍കും. മേഘയുടെ കുടുംബത്തിന്റെയും വിശദമായ മൊഴിയും രേഖപ്പെടുത്തും. അതേസമയം നാളെ കുടുംബം എമിഗ്രേഷന്‍ ഐബി ഓഫീസിലെത്തി സംഭവത്തിൽ വിശദമായ പരാതി നല്‍കും.

ഐബി ജീവനക്കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് ഐ ബിക്കും പേട്ട പൊലീസിനും കുടുംബം പരാതി നൽകി. മേഘയെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ മേഘയെ (25)യാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.റിട്ട.ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകളാണ് മേഘ. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്‌‌പ്രസാണ് ഇടിച്ചത്.

0
10 views