
പുതിയ ചുവടുവെപ്പുമായി കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ
കൊണ്ടോട്ടി: കഴിഞ്ഞ 10 വർഷമായി കൊണ്ടോട്ടിയിൽ പ്രവർത്തിച്ചുവരുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കീഴിൽ കൊണ്ടോട്ടി എടവണ്ണപ്പാറ റോഡിൽ വെട്ടുകാട് പ്രദേശത്ത് ആരംഭിക്കുന്ന ശിഹാബ് തങ്ങൾ എംപവർമെന്റ് & പാലിയേറ്റീവ് സോൺ ( സ്റ്റെപ്സ് ) തറക്കല്ലിടൽ ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.
43 മെഷീനുകളിലായി 258 നിർധനരായ രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊടുക്കുവാനുള്ള സംവിധാനവുമായി ഈ കാരുണ്യ കേന്ദ്രം ഇതിനകം ഒന്നരലക്ഷത്തിലധികം സൗജന്യ ഡയാലിസിസുകൾ ചെയ്തുകൊടുത്തിട്ടുണ്ട്. കൂടാതെ രോഗപ്രതിരോധ ബോധവൽക്കരണത്തിനായി മൊബൈൽ ലബോറട്ടറി സംസ്ഥാനത്തിനകത്തും പുറത്തുമായി 500-ൽ അധികം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. രോഗസാധ്യതയുള്ളവരെ കണ്ടെത്തി തുടർ ചികിത്സകൾ നൽകിവരുന്നു. കൂടാതെ ഫിസിയോതെറാപ്പി യൂണിറ്റ്, ഭിന്നശേഷി തൊഴിൽ കേന്ദ്രം, വാട്ടർ അനാലിസിസ് മൊബൈൽ യൂണിറ്റ്, ആംബുലൻസ് സേവനം, പാരാമെഡിക്കൽ കോഴ്സുകൾ എന്നിവയും സെന്ററിന് കീഴിൽ പ്രവർത്തിച്ചുവരുന്നു.
സ്റ്റെപ്സ് പദ്ധതിയുടെ ഭാഗമായി ഓട്ടിസം, സെറിബ്രൽ പാൾസി, ഗ്ലോബൽ ഡെവലപ്പ്മെന്റൽ ഡിലേ ,എന്നി അവസ്ഥകൾ നേരിടുന്ന കുട്ടികൾക്കായി സ്പീച് തെറാപി, ഒക്കുപെഷണൽ തെറാപി ,ബിഹേവിയർ തെറാപി, ഡെവലപ്പ്മെന്റൽ തെറാപി, കൗൺസിലിംഗ്, ഫിസിയോതെറാപി, സ്പെഷൽ എഡ്യൂക്കേഷൻ എന്നിവ നൽകുന്ന കേന്ദ്രം, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായുള്ള തൊഴിൽ പരിശീലനകേന്ദ്രം, പുനരധിവാസം, അപകടങ്ങളിൽ പരികേറ്റ് കിടപ്പിലായവർക്കുള്ള ചികിത്സയും പരിചരണവും മാറാരോഗങ്ങൾ ബാധിച്ചവർക് സ്വാന്തന പരിചരണ കേന്ദ്രം പ്രായാധിക്യം കാരണമോ ശുശ്രൂഷിക്കാൻ ആളില്ലാത്തതുകൊണ്ടോ വീട്ടിൽ ഒറ്റപ്പെട്ടുപോയ വയോജനങ്ങൾക്കായി ഹാപ്പിനസ് പാർക്ക്, അലോപ്പതി ആയുർവേദ ക്ലിനിക്ക്, ഫുഡ് കോർട്ട് എന്നീ സംവിധാനങ്ങളാണ് വിഭാവനം ചെയ്യുന്നത്.