രോഗി ആശുപത്രി വാർഡിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം കണ്ണൂരിൽ
കണ്ണൂർ: ചികിത്സയിൽ കഴിയുകയായിരുന്ന രോഗിയെ ആശുപത്രി വാർഡിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബന്തടുക്ക സ്വദേശിയായ വിനോദ് (46) ആണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ 803-ാം വാർഡിലാണ് സംഭവം. ബുധനാഴ്ച പുലർച്ചെ നാലരയോടെ ശുചിമുറിയിലേക്ക് പോയ വിനോദ് ഏറെ നേരമായിട്ടും പുറത്തു വരാത്തതിനാൽ ഭാര്യയ്ക്ക് സംശയം തോന്നി.ശേഷം ബഹളം വച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ എത്തി വാതിൽ തകർത്തു പരിശോധിച്ചപ്പോഴാണ് വിനോദിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ വിനോദിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് ദിവസം മുൻപാണ് വിനോദ് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്ഷയരോഗം ഉൾപ്പെടെ നിരവധി അസുഖങ്ങൾക്ക് ചികിത്സ തേടിയാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്. സംഭവത്തിൽ ആശുപത്രി അധികൃതരും പൊലീസും അന്വേഷണം ആരംഭിച്ചു.